america

പൂര നഗരിയിൽ ചരിത്രമെഴുതി പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ

Saju Kannampally  ,  2018-01-14 11:38:20pmm

തൃശൂരിൽ സമാപിച്ച 58 )മത് കേരളാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിൽ A ഗ്രേഡ് നേടി പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ  ചരിത്രം കുറിച്ചു.  കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക റീജണൽ തിയേറ്ററിൽ തിങ്ങി നിറഞ്ഞ കലാപ്രേമികൾക്ക് മുന്നിൽ ആകാംക്ഷയുടെ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ടീം സേക്രഡ് ഹാർട്ട് അവതരിപ്പിച്ച "ഠോ" മുക്തകണ്ഠം പ്രശംസ നേടി.  28 ടീമുകൾ മാറ്റുരച്ച നാടക മത്സരത്തിൽ ഉപജില്ലാ- ജില്ലാ തലങ്ങളിൽ കൈവരിച്ച വിജയം സ്‌കൂൾ ടീമിന് ആവർത്തിക്കാൻ സാധിച്ചത് നാടകത്തെ മത്സരയിനം എന്നതിലുപരി സപര്യയായി കണ്ട് കഠിനാധ്വാനം ചെയ്ത ഒരു പറ്റം പ്രതിഭകളുടെ ആത്മസമർപ്പണവും ബിനോയ് കെ എസ്, ബിനു ജേക്കബ് എന്നീ ആധ്യാപകരുടെ കണിശതയാർന്ന മേൽനോട്ടവും നിതാന്ത പ്രോത്സാഹനവും മൂലമാണ്. ആനുകാലിക രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തിൽ തീവ്രവാദം എന്ന പദത്തിന് നൽകുന്ന വ്യാഖ്യാന വൈജാത്യങ്ങളും പുനർ വായനയിലൂടെ അതിനു കല്പിക്കപ്പെടുന്ന അർഥാന്തരങ്ങളും ഇതിവൃത്തമായി തയ്യാറാക്കിയ നാടകം അവതരണ വൈവിധ്യം കൊണ്ട് ആസ്വാദക ഹൃദയങ്ങളെ കീഴടക്കി.  ആരാണ് യഥാർഥ തീവ്രവാദി എന്നത് ആസ്വാദകരുടെ മനസ്സുകളിൽ ഒരു പ്രഹേളികയായി അവസാനിപ്പിച്ചു കൊണ്ടാണ് നാടകത്തിന് തിരശീല വീണത്. ശിവകാമി, അഖിൽ, ശ്യാം ജിത്ത്, ക്രിസ്റ്റോ, അങ്കിത, ശ്രീലക്ഷ്മി, അഖില, റോഷൻ, അക്ഷയ്, അബിൻ എന്നിവരടങ്ങുന്ന സ്‌കൂൾ ടീമിനെയും അവർക്ക് പരിശീലനം നൽകിയ അശ്വിൻ, ശരത്, റജുനാസ്, ജാസിർ എന്നിവരെയും പരിശീലന അവതരണ പ്രക്രിയകൾക്ക് മേൽനോട്ടം വഹിച്ച അധ്യാപകരെയും അനുമോദിച്ചു. ഹെഡ്മാസ്റ്റർ പി എം മാത്യു, ജില്ലാപഞ്ചായത്ത് മെമ്പർ പി കെ സരസ്വതി,പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പിൽ, പി ടി എ പ്രസിഡന്റ് സോജൻ തട്ടായത്ത് എന്നിവർ പ്രസംഗിച്ചു. സപ്തതിയോട് അടുക്കുന്ന ഈ വിദ്യാലയ ചരിത്രത്തിൽ ഇങ്ങനെയൊരു നേട്ടം ഇതാദ്യമാണ്.



Latest

Copyrights@2016.