india

പയ്യാവൂരിൽ പ്രേഷിത സാഗരമിരമ്പി

Clintis Thekumkattil  ,  2017-09-09 01:19:54pmm

പയ്യാവൂർ: മലബാറിന്റെ ഗിരിനിരകളിൽ സാംസ്കാരിക ബഹുസ്വരതയുടെയും ക്രിസ്തീയ ചൈതന്യത്തിന്റെയും മിഴിവാർന്ന ഏടുകൾ എഴുതി ചേർത്ത പ്രഥമ സംഘടിത ക്നാനായ മലബാർ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപത കണ്ണൂർ റീജൻ സംഘടിപ്പിച്ച കുടിയേറ്റ പ്രേഷിത സംഗമവും എയ്ഞ്ചൽസ് മീറ്റും പയ്യാവൂർ ടൗണിൽ അക്ഷരാർത്ഥത്തിൽ പ്രേഷിത സാഗരം തീർത്തു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആധ്യക്ഷം വഹിച്ച പൊതുസമ്മേളനം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പൈതൃക ബോധത്തിന്റെയും ശ്രേഷ്ഠ പാരമ്പര്യങ്ങളുടെയും തങ്കനൂലിഴകളാൽ കോർത്തിണക്കപ്പെട്ട ക്നാനായ സമുദായം ദൈവപരിപാലനയുടെ ഉദാത്തമായ ഉദാഹരണമാണ് എന്ന് ഉദ്‌ഘാടന സന്ദേശത്തിൽ പിതാവ് അഭിപ്രായപ്പെട്ടു. പ്രേഷിത ചൈതന്യം സിരകളിൽ പേറുന്ന പൂർവ്വ പിതാക്കന്മാർ തെളിച്ചുതന്ന വിശ്വാസ ജ്യോതി കെടാതെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് കുടിയേറ്റ ജൂബിലി ആഘോഷങ്ങൾ നമുക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബത്തേരി രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ആരാധനാ ക്രമത്തിലും വിശ്വാസ പൈതൃകത്തിലും കോട്ടയം അതിരൂപതയ്ക്കും മലങ്കര സഭയ്ക്കും സമാനതകൾ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാസ്നേഹത്തിലും സാമുദായിക അസ്തിത്വ സംരക്ഷണത്തിലും ക്നാനായ സമുദായം പുലർത്തുന്ന നിതാന്ത ജാഗ്രത ഇതര കത്തോലിക്കാ വിഭാഗങ്ങൾക്ക് എന്നും അനുകരണീയമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. അബ്രാഹം പറമ്പേട്ട് ആമുഖ സന്ദേശം നൽകി. ചെറുപുഷ്പ മിഷൻലീഗ് ദേശീയ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട്, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പിൽ, മടമ്പം ഫൊറോനാ വികാരി ഫാ. ജോർജ്ജ് കപ്പുകാലയിൽ എന്നിവർ ആശംസകൾ നേർന്നു. തിരുബാല സഖ്യം മലബാർ റീജൻ തയ്യാറാക്കിയ ഉണ്ണിക്കളരി വർക്ക് ബുക്കിന്റെ പ്രകാശനം സമ്മേളനത്തിൽ നിർവഹിക്കപ്പെട്ടു. ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജൻ പ്രസിഡന്റ് ജിതിൻ മുതുകാട്ടിൽ, റീജണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, തിരുബാലസഖ്യം മലബാർ റീജണൽ ഡയറക്ടർ ഫാ. ബിനു ഉറുമ്പിൽകരോട്ട് എന്നിവർ പ്രസംഗിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി മോൺ. ഊരാളിൽ നഗറിൽ നിന്നും പയ്യാവൂർ ടൗൺ പള്ളി വികാരി ഫാ. ബാബു പാറത്തോട്ടുംകര ഫ്‌ളാഗ് ഓഫ് ചെയ്ത പടുകൂറ്റൻ പ്രേഷിതറാലിയിൽ മലബാറിലെ 37 ഇടവകകളിൽ നിന്നായി അയ്യായിരത്തോളം പേർ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും സാമൂഹ്യ പ്രശ്നങ്ങൾ പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയിൽ മിഷൻലീഗ് , തിരുബാലസഖ്യം അംഗങ്ങൾ വൈവിധ്യമേറിയ നിറക്കൂട്ടുകൾ തീർത്ത് അണിനിരന്നത് ക്നാനായ സമുദായത്തിന്റെ സാംസ്കാരിക പൈതൃകവും തനിമയും വിളിച്ചോതുന്നതായിരുന്നു. കുടിയേറ്റജനതയുടെ തനിമയാർന്ന വേഷവിധാനം കുടിയേറ്റത്തിന്റെ പുനരാവിഷ്കരണം തന്നെ ആയിരുന്നു. ബൈബിൾ ദൃശ്യങ്ങൾ, ക്രിസ്തീയ കലാരൂപങ്ങൾ, ഡിസ്‌പ്ലേകൾ എന്നിവ മലയോരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വർണക്കാഴ്ചകൾ ആയിരുന്നു. മാലാഖാമാരുടെയും വിശുദ്ധരുടെയും രൂപത്തിൽ കുട്ടികൾ അണിനിരന്നത് കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. ആവേശം തിരതല്ലിയ പ്രേഷിതറാലിയിലെ പ്രകടന മികവ് വിലയിരുത്തിയപ്പോൾ വിവിധ വിഭാഗങ്ങളിലായി പയ്യാവൂർ ടൗൺ, അലക്‌സ്നഗർ, ചുള്ളിയോട് ശാഖകൾ മികച്ച പ്രകടത്തിനുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും സ്വന്തമാക്കി. പയ്യാവൂരിന് ഉത്സവഛായ പകർന്ന പ്രേഷിത സംഗമത്തിന് ഫാ. ജോഷി കൂട്ടുങ്കൽ, ഫാ. സജി മെത്താനത്ത്, ഫാ. സജി പുത്തൻപുരക്കൽ, ഫാ. ബാബു പാറത്തോട്ടുംകര, ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ, ലിബിൻ കരിംപ്ലാക്കിൽ, ബെന്നി കുഴിവേലിൽ, സിബിൻ വാഴമലയിൽ, ജേക്കബ്ബ് പറപ്പള്ളിൽ, ബിനു തകിടിയേൽ, ജോസ് കണിയാപറമ്പിൽ, സ്റ്റിമി ആണ്ടുമാലിൽ, റിയ നെല്ലിക്കാകണ്ടത്തിൽ എന്നിവരോടൊപ്പം മിഷൻലീഗ് റീജണൽ ഭാരവാഹികളും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി പരിപാടികൾ ക്രമീകരിച്ചു.Latest

Copyrights@2016.