america

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ്: യുവജനങ്ങൾക്കായി പ്രത്യേക പരിപാടികൾക്കായി പ്രമുഖർ എത്തുന്നു.

Anil Mattathikunnel  ,  2017-05-16 07:29:14pmm അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി നവീകരണ സെമിനാറുകൾ നയിക്കുവാൻ പ്രമുഖ വാഗ്മികളും  വചനപ്രഘോഷകരും എത്തുന്നു.  ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിൽ യുവജനങ്ങൾക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവക ദൈവാലയത്തിൽ വച്ച് നടത്തപെടുന്ന പരിപാടികളിൽ പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദർ റെജി കൊട്ടാരം, ഡോ. മാർക്ക് നീമോ, ഡോ. അലക്സ് ഗോട്ടേയ്‌,  എന്നിവരാണ് എത്തുന്നത്. 

 

ഇല്ലിനോയിസിലെ മദർ ഓഫ് ഗോഡ് ബൈസന്റൈൻ കത്തോലിക്കാ ഇടവക വികാരിയായ ഫാ. തോമസ് ലോയ, അന്താരാഷ്‌ട്ര തലത്തിൽ തന്നെ വളരെയധികം ആദരിക്കപ്പെടുന്ന വാഗ്മിയും വചന പ്രഘോഷകനുമാണ്. 2002 ലെ ആഗോള യൂത്ത് ഡേയ് ഉൾപ്പെടെ,  പ്രമുഖ ക്രൈസ്തവ കോണ്ഫറന്സുകളിലെ അറിയപ്പെടുന്ന വാഗ്മിയായ  അദ്ദേഹം, പൗരസ്ത്യ സഭകളുടെ കാര്യത്തിൽ ഏറെ അറിയപ്പെടുന്ന വിദഗ്ധനാണ്.  അന്താരാഷ്‌ട്ര തലത്തിൽ തന്നെ വചന പ്രഘോഷണത്തിൽ അറിയപ്പെടുന്ന ബ്രദർ റെജി കൊട്ടാരം, അമേരിക്കയിൽ യുവജനങ്ങളുടെ നവീകരണത്തിനായി യുവജനങ്ങളാൽ തന്നെ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം നൽകുന്ന സുപരിചിതനായ വ്യക്തിയാണ്. വെസ്റ്റ് ആഫ്രിക്കയിലെ ഗാനയിൽ ജനിച്ച് 37 രാജ്യങ്ങളിലായി കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും, അമേരിക്കയിലെ ലത്തീൻ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന വചന പ്രഘോഷകനും വാഗ്മിയുമാണ് ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്ന ഡോ. മാർക്ക് നീമോ. ഹൂസ്റ്റണിലെ ഗാൽവേസ്റ്റൺ അതിരൂപതയിലും അമേരിക്കയിലെ മറ്റ് കത്തോലിക്കാ രൂപതകളിലുമായി യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുകയും, തനതായ ശൈലിയിലുള്ള വചന പ്രഘോഷങ്ങൾകൊണ്ട് യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. അലക്സ് ഗോട്ടേയ്‌. യുവജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത് യുവജനങ്ങൾ തന്നെ നേതൃത്വം നൽകുന്ന കമ്മറ്റിയാണ് എന്നതാണ് ഈ ഫാമിലി കോൺഫറൻസിന്റെ സവിശേഷത. അവർക്കുവേണ്ടിയുള്ള പരിപാടികൾ നയിക്കുവാനുള്ളവരെയും അവർ തന്നെയാണ് കണ്ടെത്തിയത് എന്നത് ഈ ഫാമിലി കോൺഫ്രൻസിനോടുള്ള യുവജനങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത് എന്ന് ഫാമിലി കോൺഫറൻസിന് ചുക്കാൻ പിടിക്കുന്ന ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു.

 

മുതിർന്നവർക്ക് വേണ്ടിയുള്ള പരിപാടികൾ നയിക്കുവാൻ  ഫാ. ജോസഫ് പാംപ്ലാനി, ഫാ. ജോസഫ് പുത്തെൻപുരയിൽ എന്നിവരും എത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളിൽ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിതവും, ക്നാനായ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിലും, കുട്ടികൾക്ക് വേണ്ടി ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിലുമാണ് പരിപാടികൾ നടത്തപ്പെടുക.  ക്നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വർഷവുമായി ബന്ധപ്പെട്ടതുമായ  വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.  സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ഫാമിലി കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 

 

ഫാ. തോമസ് മുളവനാൽ : 310 709 5111

 

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

 

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

 Latest

Copyrights@2016.