india

മുൻ KCYL പ്രസിഡണ്ടിന്റെ നിരാഹാരം പതിനഞ്ചുനാൾ പിന്നിട്ടു. രാഹുൽ ഗാന്ധി സന്ദർശിച്ചു.

Anil Mattathikunnel  ,  2017-04-19 08:42:19pmm അനിൽ മറ്റത്തിക്കുന്നേൽ

ഡൽഹി: ഡൽഹിയിലെ ജെപി പന്ത് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ ഇഗ്ളീഷ് വിഭാഗം തലവനും അസി. പ്രൊഫസറുമായ മുൻ കെ സി വൈ എൽ കൈപ്പുഴ ഫൊറോനാ പ്രസിഡണ്ട് ജോഷിൽ കെ എബ്രഹാമിന്റെ നിരാഹാര സമരം പതിനഞ്ചു നാളുകൾ പിന്നിട്ടുകഴിഞ്ഞപ്പോൾ, അദ്ദേഹത്തിന് പിന്തുണയുമായി കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ട് രാഹുൽ ഗാന്ധി എത്തി. തൻറെ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ ആവശ്യമായ മതിയായ സൗകര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ സമരം, വിദ്യാർത്ഥികളുടെ തികച്ചും ന്യായമായ അവകാശത്തിനു വേണ്ടിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ നേതാവ് സീതാറാം യെച്ചൂരി സമരത്തെപ്പറ്റി ചർച്ച നടത്തുകയും ദൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജ്രിവാളുമായി വിഷയം ചർച്ച ചെയ്യാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് എങ്കിലും ജനകീയനായ മുഖ്യ മന്ത്രി എന്ന് പേരെടുത്ത അരവിന്ദ് കെജ്രിവാൾ, കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കന്മാർ എന്നിവരുടെയൊക്കെ മൗനവും അവഗണനയും, അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും വോട്ടുബാങ്ക് അധിഷ്ഠിതമായ അവസര രാഷ്ട്രീയത്തിന്റെ യഥാർത്ഥമുഖമാണ് വ്യക്തമാക്കുന്നത്.

 

കോളേജിന് സ്വന്തമായ ക്യാംപസും, കോളേജ് ക്യാംപസ് സംബന്ധിച്ച് നടത്തപ്പെട്ട വ്യാപക തിരിമറിയെ പറ്റി അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെട്ട നിരാഹാരം പതിനൊന്നു ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ഓൾ ഇന്ത്യാ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എങ്കിലും തന്റെ നിരാഹാരം ആശുപത്രിയിലും തുടരുകയാണ് അടിച്ചിറ സ്വദേശിയായ ജോഷിൽ. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച കോളേജ് ഇപ്പോഴും സ്ഥിതിചെയ്യുന്നത് ഡൽഹിയിലെ ഗവ. പോളിടെക്നിക്കിന്റെ ഹോസ്റ്റൽ ബിൽഡിങ്ങിലാണ്. പുതിയ ആപ്പ് സർക്കാർ വന്നപ്പോഴും അവഗണന തുടർന്നപ്പോൾ സമരം ചെയ്തുകൊണ്ട് ഇറങ്ങിയ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ജോഷിൽ നിരാഹാരം തുടങ്ങിയത്. ആപ്പ് സർക്കാരിന്റെ അവഗണന സമരത്തിനെതിരെയും തുടർന്നപ്പോൾ, ഈ അവഗണന അവസാനിക്കാതെ പിന്നോട്ടില്ല എന്ന നിശ്ചയദാർഢ്യത്തിലാണ് ഈ ക്നാനായ സമുദായാംഗം. ജി.ബി പന്ത് എൻജിനീയറിങ് കോളേജ് സ്ഥാപിക്കുന്നതിന് അനുവദിച്ച 65 ഏക്കർ ഭൂമിയിൽ നിന്നും ഇരുപത്തഞ്ചു ഏക്കറോളം ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി എന്ന PPP മോഡൽ സംരഭത്തിന് പകുത്തു കൊടുക്കുകയും.നേരത്തെ ഉപേക്ഷിക്കപ്പെട്ട ജി.ബി പന്ത് പൊളിടെ ക്കിനിക്കിന്റെ ഇടുങ്ങിയ ഹോസ്റ്റൽ മുറികളിൽ മിനിമം ലാബ് സൗകര്യം പോലും ഇല്ലാതെ കോളേജിന്റെ ഇപ്പോഴത്തെ പ്രവർത്തനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, തങ്ങൾക്ക് അവകാശപ്പെട്ട ക്യാമ്പസിനായി വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളോടുള്ള സർക്കാർ അവഗണനയിൽമനടുത്താണ് തന്റെ വിദ്യാർത്ഥികൾക്കായി ജോഷിൽ സമരമുഖത്തേയ്ക് വരുന്നത്. സമരം പന്ത്രണ്ടു ദിവങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ എൻ യു വിലെ യൂണിയൻ പോലുള്ള നിരവധി വിദ്യാർത്ഥി സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

 

ഗുരു ശിഷ്യ ബന്ധം അഥവാ അധ്യാപക - വിദ്യാർത്ഥി ബന്ധം എന്നത് അകൽച്ചയുടെയും ഏറ്റുമുട്ടലുകളുടെയും നേർക്കാഴ്ചയായ ആധുനിക യുഗത്തിൽ, വിദ്യാർത്ഥികൾക്ക് വേണ്ടി നിരാഹാര സമരം നടത്തുന്ന ജോഷിലിന്റെ മാതൃക, ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വലിയ ചർച്ചക്ക് തന്നെ തുടക്കമിട്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ 15 ദിവസത്തോളം അയാൾ പട്ടിണി കിടക്കുന്നത് ആ കുട്ടികൾക്കുവേണ്ടിയാണ്. ന്യായത്തിന്റെയും സത്യസന്ധതയുടെയും ആൾരൂപമായ കെജ്‌രിവാളും അഴിമതിവിരുദ്ധതയുടെ പര്യായമായ ആം ആദ്മി പാർട്ടിയും സമയബന്ധിതമായി ഇടപെടേണ്ടിയിരുന്ന ഒരു സമരം ഇപ്പോഴും തുടരുകയാണ്. വിദ്യാർത്ഥി സമരങ്ങൾക്ക് പേരുകേട്ട കേരളത്തിലെ വിദ്യാർത്ഥി സംഘടനകളും നേതാക്കന്മാരും സ്വന്തം നാട്ടുകാരനായ ജോഷിലിനെ അവഗണിക്കുന്നു എന്നത് അവിശ്വനീയം എന്ന് സാധാരണക്കാരന് തോന്നുമെങ്കിലും, ഇതാണ് വോട്ടുബാങ്കിൽ അധിഷ്ഠിതമായ അവരവാദ രാഷ്ട്രീയം എന്നതിൽ സംശയമില്ല.

 

പാലത്തുരുത്ത് ഇടവകയിൽ കടുതോടിയിൽ എബ്രഹാമിന്റെയും പരേതയായ അന്നമ്മയുടെയും മകനായ ജോഷിൽ 2002-2004 കാലഘട്ടത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോനാ പ്രസിഡണ്ട് ആയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ അടിച്ചിറയിൽ താമസമാക്കിയിരിക്കുന്നു.

 

സ്വകാര്യലാഭത്തിനയല്ലാതെ സമരം ചെയ്യാനും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോവാനും മനസുള്ളവർ വിരളമാവുന്ന ഈ കാലത്തു.ജോഷിലിനെ നെപോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളോട് നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കുവാനായി എല്ലാവരും ഷെയർ ചെയ്യണമെന്ന് ആഗോള ക്നാനായ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ടു ക്നാനായ വോയിസിന്റെ എഡിറ്റോറിയൽ ബോർഡ് അഭ്യർത്ഥിക്കുന്നു. Latest

Copyrights@2016.