oceana

പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് (DKCC) പുതു നേതൃത്വം.

Anil Mattathikunnel  ,  2017-03-31 06:27:13pmm അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ആഗോള ക്നാനായ കത്തോലിക്കാ സമൂഹത്തിലെ വിവിധ റീജിയണുകളെയും സംഘടനകളെയും കോർത്തിണക്കികൊണ്ട് പ്രവർത്തിക്കുന്ന , DKCC അഥവാ ദയസ്പറ ഓഫ് ക്നാനായ കാത്തലിക്ക് കോൺഗ്രസ് എന്നപേരിൽ അറിയപ്പെടുന്ന പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസിന് പുതിയ നേതൃത്വം. നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്, ഓഷ്യാന എന്നീ റീജിയണുകളിലെ പ്രതിനിധികൾ ചേർന്നാണ് ബിനു തുരുത്തിയിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള പ്രവാസി ക്നാനായ സംഘടനകളെ ഒരുകുടക്കീഴിൽ അണിനിരത്തികൊണ്ട്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുവാൻ രൂപീകൃതമായ അല്മായ സംഘടനയായ DKCCയുടെ നാലാമത്തെ ഭരണ സമിതാണ് കഴിഞ്ഞ ദിവസം നിലവിൽ വന്നത്.

 

DKCC ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ബിനു തുരുത്തിയിൽ ഒരു ദശാബ്ദക്കാലമായി ഓസ്‌ട്രേലിയയിലെ ക്നാനായ സംഘടനകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വ്യക്തിയാണ്. ഓഷ്യാനയിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഓ യുടെ മുൻ പ്രസിഡണ്ട് കൂടിയായ ബിനു തുരുത്തിയിൽ, മികച്ച സംഘടനാ പാടവത്തോടെ കെ സി സി ഓ യെ കഴിഞ്ഞ രണ്ടു വർഷക്കാലമായി നയിച്ചു വരികയായിരുന്നു. ശക്തമായ നിലപാടുകളിലൂടെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര ചാർത്തികൊണ്ട്, ഓഷ്യാനയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്നാനാനായ സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ള ബിനു തുരുത്തിയിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലാണ് സ്ഥിരതാമസം. കരിപ്പാടം ഇടവകാംഗമാണ്.

 

DKCC വൈസ് ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട സാജു കണ്ണമ്പള്ളി, കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, അതിരമ്പുഴ പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ക്നാനായവോയിസ് & കെവിടിവി യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും കൂടിയായ സാജു, ഇപ്പോൾ നോർത്ത് അമേരിക്കയിലെ ക്നാനായ തലസ്ഥാനം എന്നറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു. കുറുമുള്ളൂർ ഇടവകാംഗമാണ്.

 

DKCC സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിനോദ് മാണി കിഴക്കനടി, യു കെ കെ സി എ യുടെ മുൻ ജോയിന്റ് സെക്രട്ടറി, യു കെ കെ സി എ മുൻ അഡ്വൈസഎന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ക്നാനായ സംഘടനകളിലും മറ്റ് മലയാളി സംഘടനകളിലും നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിക്കുന്ന വിനോദ് മാണി, യു കെ സി സി എ ഉൾപ്പെടുന്ന യൂറോപ്പിലെ ക്നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഈ (ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് യൂറോപ്പ്) യുടെ പ്രതിനിധിയായാണ് ഡി കെ സി സി യിൽ എത്തിയിരിക്കുന്നത്. കാരിത്താസ് ഇടവകാംഗമാണ്.

 

DKCC ജോയിന്റ് സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിൻസന്റ് വലിയ വീട്ടിൽ, ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ അവിഭാജ്യ ഘടകമായി നിരവധി വര്ഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. കുടുംബയോഗത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയായ വിൻസന്റ് ഗൾഫ് രാജ്യങ്ങളിലെ ക്നാനായ സംഘടനകളുടെ ഏകോപനസമിതിയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് മിഡിൽ ഈസ്റ്റിന്റെ (KCCME) പ്രതിനിധിയായാണ് ഡികെസിസിയിൽ എത്തിയിരിക്കുന്നത്. സംഘടനാ പാടവം കൊണ്ടും, വൈധ്യമാർന്ന പ്രവർത്തനം കൊണ്ടും ദുബായ് കുടുംബയോഗത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിൻസന്റ്, വർഷങ്ങളായി കെ സി സി എം ഈ യുടെയും ഡി കെ സി സി യുടെയും പ്രവർത്തനങ്ങളിൽ സജീവമാണ്. അരീക്കര ഇടവകാംഗമാണ്.

 

DKCC ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മനോജ് താനത്ത് മയാമി ക്നാനായ അസ്സോസ്സിയേഷന്‍ ജന. സെക്രട്ടറിയും കഴിഞ്ഞ 15 വര്‍ഷത്തോളമായി മയാമിയിലെ ക്നാനായ സംഘടനാ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിത്വമായി വളർന്നിരുന്ന മനോജ്, നോർത്ത് അമേരിക്കയിലെ ക്നാനായ അസോസിയേഷനായ കെ സി സി എൻ എ യാണ് ഡി കെ സി സി യിൽ പ്രതിനിധീകരിക്കുന്നത്. ഇടുക്കി എൻ ആർ സിറ്റി ഇടവകയിൽ ജനിച്ചു വളർന്ന മനോജ് ഇപ്പോൾ ചുങ്കം ഇടവകാംഗമാണ്.

 

DKCC യുടെ റീജിയണൽ വൈസ് ചെയർമാൻമാരായി ബേബി മണക്കുന്നേൽ (KCC North America പ്രസിഡണ്ട് - പിറവം ഇടവക), ബിനീഷ് പെരുമാപ്പടം (KCC Europe President - നീണ്ടൂർ ഇടവക ), ടോമി പ്രാലടിയിൽ (KCC Middle East President - ഇരവിമംഗലം ഇടവക ) ,ബേബി പാറ്റാകുടിലിൽ (KCC Oceania President - അലക്സ് നഗർ ഇടവക ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

കഴിഞ്ഞ ശനിയാഴ്ച (25/03 /17)കൂടിയ DKCC ജനറൽ കൌൺസിൽ ആരോഗ്യപരമായ ചർച്ചയിലൂടെയും നമ്മൾ ഒന്നാണെന്ന് പൂർണ്ണ വിശ്വാസത്തോട്കൂടെയും ഓരോ റീജിയനും വഹിക്കേണ്ടതായിട്ടുള്ള പദവികൾക്കു മാർഗ്ഗ നിർദേശം കൊടുക്കുകയും ആ മാർഗ്ഗ നിർദേശം അനുസരിച്ചു ഓരോ റീജിയനുകളും അനുയോജ്യരായ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു. ക്നാനായ സമുദായം ആഗോള തലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനായി, ലോകമെമ്പാടുമുള്ള ക്നാനായ അസോസിയേഷനുകൾ ഒറ്റ കെട്ടായി പ്രവർത്തിക്കേണ്ടത് ഏറ്റവും അനിവാര്യമായ സമയമാണ് ഇത് എന്ന് പുതിയ ചെയർമാൻ ബിനു തുരുത്തിയിൽ ഡികെസിസിയുടെ ജനറൽ കൗൺസിലിനെ അതിസംബോധന ചെയ്തുകൊണ്ട് ഓർമ്മിപ്പിച്ചു. ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് മാത്രമല്ല, ക്നാനായ സമുദായത്തിന്റെ ഉള്ളിൽ നിന്ന് പോലും,ക്നാനായ സമുദായത്തിന്റെ പ്രാണവായുവായ സ്വവംശ വിവാഹ നിഷ്ഠക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഏറെ വേദനാജനകമായ കാര്യമാണ് എന്ന് അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഒരുമിക്കേണ്ടത് ക്നാനായ സമുദായത്തിന്റെ ചരിത്രപരമായ ആവശ്യമാണ് എന്നും, ഈ ലക്ഷ്യത്തിനായി എല്ലാ റീജിയണുകളെയും കോർത്തിണക്കികൊണ്ടു, സമഗ്രമായ പരിപാടികൾ ആസൂത്രണം ചെയ്യുവാനും, ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാനും ഡി കെ സി സി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

 

2011 ലാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുൻകൈ എടുത്ത് ഡി കെ സി സി രൂപീകരിച്ചത്. സ്ഥാപക പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത് മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ജോർജ്ജ് നെല്ലാമറ്റം ആയിരുന്നു. പിന്നീട് 2013 ൽ മുൻ കെ സി സി എൻ എ പ്രസിഡണ്ട് ആയിരുന്ന ഷീൻസ് ആകശാല ഡി കെ സി സി നേതൃത്വം ഏറ്റെടുത്തു. ഈ കാലയളവിലാണ് ഡി കെ സി സി യെ ഒരു കോർഡിനേറ്റിംഗ് കൗൺസിൽ എന്ന രീതിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് ഡി കെ സി സി പ്രസിഡണ്ട് സ്ഥാനത്തിനെ  ചെയർമാൻ സ്ഥാനമാക്കി മാറ്റുകയും ചെയ്തത്. 2015 ൽ വിവിധ കാരണങ്ങളാൽ തെരെഞ്ഞെടുപ്പ് നടക്കാതെ പോയ സാഹചര്യത്തിൽ, ഡി കെ സി സി യുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിറിയക്ക് പുത്തെൻപുരയുടെ നേതൃത്വത്തിൽ ഒരു കോർഡിനേറ്റിങ് കമ്മറ്റി പ്രവർത്തിച്ചു വരികയായിരുന്നു. പുതിയ ഭരണ സമിതിയെ, ഡി കെ സി സി യുടെ സ്ഥാപക പ്രസിഡണ്ട് ജോർജ്ജ് നെല്ലാമറ്റം, മുൻ ചെയർമാൻ ഷീൻസ് ആകശാല, മുൻ കോർഡിനേറ്റിങ് ലീഡർ സിറിയക്ക് പുത്തെൻപുരയിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ അതിരൂപതാ പ്രസിഡണ്ട് സ്റ്റീഫൻ ജോർജ്ജ് എന്നിവർ അഭിനന്ദിച്ചു.Latest

Copyrights@2016.