gulf

കുവൈറ്റിൽ KKCA യുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷങ്ങൾ വർണ്ണശബളമായി

Anil Mattathikunnel  ,  2017-01-08 07:12:20pmm ക്ലിന്റിസ് ജോർജ്ജ് തേക്കുംകാട്ടിൽ

കുവൈറ്റ്: ഭാരതത്തിനു വെളിയിലെ ആദ്യത്തെ പ്രവാസി ക്നാനായ സംഘടനയും, കുവൈത്തിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുമായ കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഉജ്ജ്വലമായി ആഘോഷിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലുമണിയോടെ തന്നെ ആരംഭിച്ച, വർണ്ണ വിസ്മയങ്ങൾ വാരിവിതറിയ, കുവൈത്തിലെ ക്നാനായ സമൂഹത്തിന്റെ കലാ പൈതൃകം വ്യക്തമായി വരച്ചുകാട്ടുന്ന പരിപാടികൾ വൈകിട്ട് പതിനൊന്നു മണിയോടെയാണ് പര്യവസാനിച്ചത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വൈവിധ്യങ്ങളായ കലാ പരിപാടികളോട് കൂടി സ്റ്റേജിൽ ആടിത്തിമിർത്തപ്പോൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു രാവ് കുവൈത്തിൽ ഉദിക്കുകയായിരുന്നു. സംഗീതവും, ക്ലാസ്സിക്കൽ - സിനിമാറ്റിക് - പാരമ്പര്യ നൃത്തങ്ങളും സ്കിറ്റുകളും ഒക്കെയായി മണിക്കൂറുകളോളം നിറഞ്ഞ സദസ്സിന്, കലാകാരന്മാരുടെയും കലാകാരികളുടെയും ഒരു വലിയ കൂട്ടായ്മാ തന്നെയാണ് കെ കെ സി എ എന്ന് വ്യക്തമാക്കി കൊടുത്ത ഒരു സായാഹ്നം കൂടിയായി മാറി.

 

കെവിടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതു സമ്മേളനം വൈകുന്നേരം 7 മണിക്ക് ശേഷമാണ് ആരംഭിച്ചത്. ക്രസിതുമസ് കരോളിനും , ക്നാനായ സമൂഹത്തിന്റെ പ്രാർത്ഥനാ ഗാനമായ, ക്നാനായ സമൂഹം ഒന്നാകെ ഏറ്റുപാടിയ മാർത്തോമൻ നന്മയാൽ എന്ന ഗാനത്തിന് ശേഷം കെ കെ സി എ വൈസ് പ്രസിഡണ്ട് ജോസ് ടോം സ്വാഗതം ആശംസിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ പിതാവ് സമ്മേളനം തന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് സിബി ചെറിയാൻ സമ്മേളത്തിൽ അധ്യക്ഷനായിരുന്നു. നാളിതുവരെയും കെ കെ സി എ യുടെ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് നൽകിയ നിർലോഭമായ സഹകരണങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ശ്രീ. എ. കെ. ശ്രീവാസ്തവ (Community Welfare officer, Indian Embassy) , കുവൈത്ത് രൂപതയുടെ വികാര ജനറാൾ ഫാ. മാത്യു കുന്നേൽ പുരയിടം, കെ സി വൈ എൽ ചെയർമാൻ ജിബിൻ ജോസഫ്, കെ കെ സി എൽ വൈസ് ചെയർമാൻ ആഫ്രിൻ ബിജു തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കെ കെ സി എ സെക്രട്ടറി ബിനീഷ് കെ ബേബി വാർഷിക റിപ്പോർട്ടും, ട്രഷറർ ടിജി തോമസ് കണക്കും, ഫാമിലി സുരക്ഷാ സ്‌കീമിന്റെ കൺവീനർ സ്റ്റീഫൻ തോട്ടിക്കാട്ട് FSS റിപ്പോർട്ടും അവതരിപ്പിച്ചു. ബെന്നി ഫിലിപ്പ് പുതിയവീട്ടില്‍ ആണ് നന്ദി പ്രസംഗം നടത്തിയത്. തുടർന്ന് സംഘടനയുടെ ആഭുമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 2016 കമ്മറ്റിയിൽ നിന്നും Best Committee Member ആയി തെരെഞ്ഞെടുക്കപ്പെട്ട സോജൻ തോമസ് പഴയമ്പള്ളിയെ വേദിയിൽ സമ്മാനം നൽകി ആദരിച്ചു. നാട്ടിൽ നിന്നും സന്ദർശനത്തിന് എത്തിയ മാതാപിതാക്കളെയും പതിവ് പോലെ ആദരിച്ചു. കെ കെ സി എ പ്രസിഡണ്ട് സിബി ചെറിയാൻ ക്രിസ്തുമസ് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.

 

അടുത്ത വർഷത്തേക്ക് സംഘടനയെ നയിക്കുവാൻ വേണ്ടി ആഘോഷങ്ങൾക്കിടെ നടത്തിയ ആവേശം തുളുമ്പിയ തെരെഞ്ഞെടുപ്പിൽ ശ്രീ. ജോബി മാത്യു പുളിക്കോലിൽ (പ്രസിഡന്റ്), ശ്രീ ജയേഷ് ഫിലിപ്പ് ഓണശ്ശേരിൽ (സെക്രട്ടറി) എന്നിവർ എതിരില്ലാതെയും ശ്രീ മെജിത് ജേക്കബ് ചമ്പക്കര (ട്രെഷറർ) ശക്തമായ മത്സരത്തെ അതിജീവിച്ചുകൊണ്ടും കെ കെ സി എ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജോബി മാത്യുവും തെരഞ്ഞെടുപ്പിനെ അതിജീവിച്ച് ജയിച്ചു വന്ന മെജിത്ത് ചമ്പക്കരയും തങ്ങളെ തെരെഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷത്തേക്ക് സംഘടനക്കും സംഘടനയെ നയിക്കുവാൻ ചുമതലപ്പെട്ട ഭാരവാഹികൾക്കും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. അവരോടൊപ്പം തെരെഞ്ഞെടുക്കപ്പെട്ട മറ്റു കമ്മറ്റി അംഗങ്ങളും കൂടാരയോഗം ഭാരവാഹികളും വേദിയിൽ വച്ച് തന്നെ പൊതുയോഗത്തെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റെജി  കുന്നശ്ശേരിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.

 

 

പരിപാടിയുടെ വിഡിയോ താഴെ കൊടുത്തിരിക്കുന്നു.

 Copyrights@2016.