europe

കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം നടത്തി

Anil Mattathikunnel  ,  2016-12-05 10:31:42pmm

മാഞ്ചസ്റ്റര്‍ ; കരുണയുടെ ഈ പ്രത്യേക ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് വേണ്ടി ക്‌നാനായ ചാപ്ലിയന്‍സിയില്‍ നിന്നും സാധു സമാഹരിച്ച സഹായ ഫണ്ട് സ്‌നേഹഭവന്‍ ഡയറക്ടര്‍ ബ്രദര്‍ രാജുവിന് കൈമാറി കൊണ്ട് നിരാലംബരും അനാഥരും പരിത്യക്തരുമായ തങ്ങളുടെ സഹോദരങ്ങള്‍ക്കു ക്‌നാനായ മക്കള്‍ കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശമായി തീര്‍ന്നു.

 

ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചുഗ്രാമത്തിലെ കരുണയുടെ പ്രകാശഗോപുരമായി നിലനില്‍ക്കുന്ന സ്‌നേഹഭവനത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ രാജു കരുണ വര്‍ഷത്തിന്റെ സമാപനത്തില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ വരികയും വി. കുര്‍ബാനക്ക് ശേഷം അദ്ദേഹം സദനത്തിന്റെ നടത്തിപ്പിനെ കുറിച്ചു ഇടവക ജനങ്ങളോട് പങ്കു വച്ചു. ചാപ്ലിയന്‍സിയിലെ എല്ലാ കുടുംബങ്ങളുടെയും, എംകെസിഎയുടെയും കെസിഡബ്ലൂഎയുടെയും, നേതൃത്വത്തില്‍ സമാഹരിച്ച 1750 പൗണ്ട് സ്‌നേഹഭവനത്തിന്റെ മക്കള്‍ക്ക് വേണ്ടി ബ്രദര്‍ രാജുവിന് സമ്മാനിച്ചു. ചാപ്ലിയന്‍സിയിലെ എല്ലാ അംഗങ്ങളുടെയും പൂര്‍ണ്ണ സഹകരണവും സന്മനസ്സും ആണ്. തുക ആതുരാലയത്തിനു സമ്മാനിക്കുവാന്‍ സാധിച്ചത്. കരുണയുടെ വര്‍ഷത്തില്‍ ഇത്രയും നല്ലൊരു കാരുണ്യ പ്രവര്‍ത്തി ചെയ്യുവാന്‍ തങ്ങള്‍ക്കു സാധിച്ചതിനു ഇടവക ജനങ്ങള്‍ ദൈവത്തിനു നന്ദി പറയുകയും ചെയ്തു.

 

കലായിസ് (യുകെ-ഫ്രാന്‍സ് ബോര്‍ഡര്‍)അഭയാര്‍ത്ഥി ക്യാമ്പ്

 

ഈ ചാപ്ലിയന്‍സിയിലെ മുതിര്‍ന്നവര്‍ കേരളത്തിലേക്ക് കരുണ ചൊരിഞ്ഞുവെങ്കില്‍ കരുണ വര്‍ഷത്തിന്റെ ആരംഭത്തില്‍, 2015 ഡിസംബര്‍ മാസം ഈ ചാപ്ലിയന്‍സിയുടെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ യുകെയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലെ കുട്ടികള്‍ക്കാണ് കരുണ വര്‍ഷിച്ചത്. യുകെയുടെ ബോര്‍ഡര്‍ ആയ കലായിസ് എന്ന സ്ഥലത്ത് യൂറോപ്പിന്റെ ഡിസംബര്‍ മാസത്തിലെ കൊടും തണുപ്പത്ത് ടെന്റുകളില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വസ്ത്രങ്ങളും സോക്‌സും ബെഡ്ഡിങ്ങും നല്‍കിയാണ് ഈ സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചത്. ഈ സമ്മാനങ്ങള്‍ കലായിസില്‍ എത്തിക്കുവാനും അഭയാര്‍ത്ഥി കുട്ടികള്‍ക്ക് ശുശ്രൂഷ ചെയ്യുവാനും 2 മുതിര്‍ന്നവരെ ഈ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. സണ്‍ഡേ സ്‌കൂളിന്റെ ചാപ്ലിയനായ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളോട് ഇത്രയും വലിയ ഈ പദ്ധതിയെ കുറിച്ചു സൂചിപ്പിച്ചപ്പോള്‍ തന്നെ വളരെ ആവേശത്തോടെയാണ് സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തങ്ങളുടെ സമപ്രായക്കാരായ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായിട്ട് ഈ സംഭാവനകള്‍ നല്‍കിയത്.

 

വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം:

 

2016 മെയ് മാസത്തില്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെയും അല്‍മായ സംഘടനയായ യുകെകെസിഎയും സംയുക്തമായി ചേര്‍ന്ന് യുകെയുടെ നസ്രത്തായ വാല്‍സിംഗ്ഹാമിലേക്ക് യാത്ര തിരിച്ചു. ഇടവക ദേവാലയത്തില്‍ നിന്നും വാല്‍സിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു ജപമാല പ്രദക്ഷിണവുമായി 1500 ല്‍ പരം മാറിയ ഭക്തരായ ക്‌നാനായ മക്കള്‍ ഷ്രിനില്‍ എത്തി ചേര്‍ന്ന് വി. കുര്‍ബാന അര്‍പ്പിച്ചു. ബത്‌ലഹേമിലെ ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച ആട്ടിടയന്മാര്‍ക്കുണ്ടായ അതേ സന്തോഷത്തോടെയാണ് ദൈവജനം തിരികെ പോന്നത്.

 

മെഡ്ജുഗോജ് മരിയന്‍ തീര്‍ത്ഥാടനം:

 

ഈ കരുണ വര്‍ഷത്തില്‍ യുകെ തീര്‍ത്ഥാടനം മാത്രമല്ല മരിച്ചു ഒരു വിദേശ മരിയന്‍ തീര്‍ത്ഥാടനം കൂടി നടത്തുവാന്‍ തങ്ങളുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ അംഗങ്ങള്‍ സമയം കണ്ടെത്തി. 2016 ഒക്ടോബര് മാസം ബോസ്‌നിയയില്‍ ഉള്ള മെഡ്ജുഗോജി എന്ന ലോക പ്രശസ്തി നേടിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുകയും പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തു. ഈ തീര്‍ത്ഥാടനം ചാപ്ലിയന്‍സിയില്‍ ഉള്ള അംഗങ്ങള്‍ക്ക് മാത്രമല്ല മരിച്ചു താല്പര്യം ഉള്ള എല്ലാ മരിയന്‍ ഭക്തരെയും ഉള്‍പ്പെടുത്തിയാണ് നടത്തിയത്. ഒരാഴ്ച നീണ്ടു നിന്ന ഈ തീര്‍ത്ഥാടനം ആത്മീയ ഉണര്‍വ്വിന്റെയും അത്ഭുതങ്ങളുടെയും ദൈവാനുഗ്രഹങ്ങളുടെയും ദിവസങ്ങളായിരുന്നു എന്ന് കുഞ്ഞു മക്കളടക്കം മുഴുവന്‍ തീര്‍ത്ഥാടകരും സാക്ഷ്യപ്പെടുത്തി.

കരുണയുടെ വാതിലിലൂടെയുള്ള പ്രവേശനം

 

തീര്‍ത്ഥാടനങ്ങളെ തുടര്‍ന്ന് കരുണയുടെ വര്‍ഷത്തില്‍ സുപ്രധാന കാര്യമായ വിശുദ്ധ വാതിലില്‍ കൂടി കടക്കുക" എന്ന കാര്യം കൂടി ക്‌നാനായ ചാപ്ലിയന്‍സി അതിന്റെ പൂര്‍ണ്ണതയില്‍ നടത്തുകയുണ്ടായി. 2016 നവംബര്‍ 12 ന് ഷ്രൂസ്ബറി രൂപതയുടെ കത്തീഡ്രലിലേക്ക് ഒരു കോച്ച് മുഴുവന്‍ ജനം ജപമാല ചൊല്ലിയും കരുണ വര്‍ഷത്തില്‍ കുമ്പസാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് യാത്ര തിരിച്ചു. അവിടെ എത്തിയതിനു ശേഷം തങ്ങളുടെ പൂര്‍ണ്ണ ദണ്ഡ വിമോചനത്തിന് മാര്‍പാപ്പ നിര്‍ദ്ദേശിച്ച നാല് കാര്യങ്ങള്‍ വിശ്വാസപൂര്‍വ്വം നിര്‍വഹിച്ചു. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണം ചൊല്ലിക്കൊണ്ട് വിശുദ്ധ വാതിലില്‍ കൂടി പ്രവേശിക്കുകയും കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുകയും മാര്‍പാപ്പയുടെ നിയോഗാര്‍ത്ഥം ദൈവത്തിന്റെ കരുണയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിച്ചു. സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി നല്‍കിയ ഷ്രൂസ്ബറി രൂപത മെത്രാന്‍ ബിഷപ് മാര്‍ക്ക് ഡേവീസ് കത്തീഡ്രലില്‍ വിശ്വാസികളെ സന്ദര്‍ശിക്കുകയും പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

ദൈവത്തിന്റെ കരുണ വളരെയധികം അനുഭവിച്ച ഒരു വര്‍ഷമായിരുന്നു സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി അംഗങ്ങള്‍ക്ക് 2015 ഡിസംബര്‍ മാസം മുതല്‍ 2016 നവംബര്‍ മാസം വരെ. സഭ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയിലും ശരിയായ അര്‍ത്ഥത്തിലും നിറവേറ്റുവാന്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി എന്നും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് ഈ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഈ കരുണ വര്‍ഷത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായി സഹകരിക്കുകയും മാതൃകാപരമായി കാരുണ്യ വര്‍ഷം ആചരിച്ച തന്റെ ഇടവകയിലെ മാതാപിതാക്കന്മാരെയും കുട്ടികളെയും അല്‍മായ യുവജനവനിതാ സംഘടനകളെയും ഈ ചാപ്ലിയന്‍സിയുടെ ചാപ്ലിയനും സീറോ മലബാര്‍ രൂപതയുടെ വികാരി ജനറലുമായ വെരി റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ കാരുണ്യ വര്‍ഷത്തിന്റെ സമാപന കുര്‍ബ്ബാനയില്‍ അഭിനന്ദിച്ചു നന്ദി പറഞ്ഞു. ദൈവത്തിന്റെ കരുണയും സ്‌നേഹവും നീരുറവയായി നമ്മുടെ കുടുംബങ്ങളിലും, ലോകം മുഴുവനിലും ഒഴുകട്ടെയെന്ന് സജി അച്ചന്‍ ആശംസിക്കുകയും ചെയ്തു.Latest

Copyrights@2016.