europe

കലാവിസ്മയങ്ങള്‍ തീര്‍ത്ത് യു കെ കെ സി വൈ എല്‍ കലാമേളയ്ക്ക് സമാപനം; ലിവര്‍പൂളും മാഞ്ചസ്റ്ററും സംയുക്ത ജേതാക്കള്‍

Anil Mattathikunnel  ,  2016-11-30 10:01:51pmm സഖറിയ പുത്തെന്‍കളം

ഇക്കഴിഞ്ഞ ശനിയാഴ്ച യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടന്ന യുകെകെസിവൈഎല്‍ കലാമേളയില്‍, യുകെകെസിവൈഎല്ലിന്റെ ചരിത്രത്തിലാദ്യമായി ക്‌നാനായ യുവജനങ്ങളെ ആവേശത്തേരിലാറാടിച്ചുകൊണ്ട് ആയിരങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാന ഫോട്ടോഫിനിഷില്‍ ഓവറോഹ കിരീടം മാഞ്ചസ്റ്ററും ലിവര്‍പൂളും സംയുക്തമായി ഏറ്റുവാങ്ങി കലാമേളയ്ക്ക് സമാപനമായി. യുകെയിലെ ക്‌നാനായക്കാരുടെ യുവജനസംഘടനയായ യുകെകെസിവൈഎല്ലിന്റെ നാഷണല്‍ കലാമേളയില്‍ യുകെയുടെ പല ഭാഗത്തുനിന്നും അയര്‍ലണ്ടില്‍നിന്നും വരെയുള്ള ഏകദേശം 40 ഓളം യൂണിറ്റുകളില്‍നിന്നും വന്ന 250ഓളം  കലാകാരന്മാരുടെ കലാമാമാങ്കത്തിന് ആയിരങ്ങള്‍ സാക്ഷിയായി.

 

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളികള്‍ക്കിടയില്‍ ഇതുപോലെ യുവജനങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്നതും ഇത്രയും യുവജനങ്ങള്‍ പങ്കെടുക്കുന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിതാവ് എടുത്തു പറഞ്ഞു.

കലാമേളയുടെ സമ്മേളനം തന്നെ വ്യത്യസ്തതകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തനതു കേരള ശൈലിയില്‍നിന്നും വ്യത്യസ്തമായി "യുകെകെസിവൈഎല്‍ യൂത്ത്‌ഫെസ്റ്റ് 2016" എന്ന ബാനര്‍ ഉദ്ഘാടന സമയത്ത് ഒരു റോബോട്ടിക് ശൈലിയില്‍ ഇറങ്ങിവരുകയും അതില്‍ തിരിതെളിച്ച് ഒരു ന്യൂ ജനറേഷന്‍ ശൈലിയില്‍ നടത്തപ്പെട്ട ഉദ്ഘാടനം കാണികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. ക്‌നാനായക്കാരുടെ അഭിമാനമായ ബര്‍മിങ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തിലായിരുന്നു യുകെകെസിവൈഎല്‍ കലാമേള ഈ വര്‍ഷവും അരങ്ങേറിയത്. 

ക്‌നാനായ തനിമയും ആചാരങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ക്രമീകരിച്ച മത്സരയിനങ്ങളില്‍ സാധാരണ മത്സരയിനങ്ങള്‍ കൂടാതെ മൈലാഞ്ചി, ചന്തംചാര്‍ത്ത്, പുരാതനപ്പാട്ട് എന്നീ മത്സരങ്ങള്‍ യുവജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.ചന്തംചാര്‍ത്ത്, മൈലാഞ്ചി ഇടീല്‍ മത്സരങ്ങളില്‍, ലിവര്‍പൂള്‍ യൂണിറ്റ് നാടന്‍ കോഴിയെ വരെ എത്തിച്ചായിരുന്നു മത്സരത്തിന് തന്മയത്വം പകര്‍ന്നത്. 

ഓരോ ഡാന്‍സ് ഗ്രൂപ്പിന്റെയും താളത്തിനൊപ്പം ഗാലറിയില്‍ ചുവടുകള്‍വച്ച യുവജനങ്ങള്‍, ഈ കലാമേളയെ ഉത്സവമാക്കി മാറ്റി നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 

യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ഷിബില്‍ വടക്കേക്കര, ജോണി മലേമുണ്ട, സ്റ്റീഫന്‍ ടോം, സ്‌റ്റെഫിന്‍ ഫിലിപ്പ്, ഡേവിഡ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാമേള പുതിയ തലമുറയിലെ യുവജനങ്ങളുടെ നേതൃത്വപാടവത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. യുകെകെസിവൈഎല്‍ സ്പിരിച്വല്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുരക്കലിന്റെയും നാഷണല്‍ ഡയറക്ടര്‍മാരായ സിന്റോ ജോണിന്റെയും ജോമോള്‍ സന്തോഷിന്റെയും മുന്‍ ഡയറക്ടറായിരുന്ന ഷെറി ബേബിയുടെയും മാര്‍ഗനിര്‍ദേശങ്ങളിലായിരുന്നു കലാമേള യുവജനങ്ങള്‍ അതീവഭംഗിയാക്കിയത്. യുകെകെസിഎയുടെ ഭാരവാഹികളായ ബിജു മടക്കേക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍, ബാബു തോട്ടം എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും കലാമേള വന വിജയത്തിലെത്തിച്ചു.

ഓരോ യൂണിറ്റില്‍നിന്നും എത്തിയ യുവജനങ്ങള്‍ക്കും ഡയറക്ടര്‍ക്കും മാതാപിതാക്കള്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് യുകെകെസിവൈഎല്‍ കലാമേളയ്ക്കു തിരശീല വീണത്. യൂണിറ്റുകള്‍ തമ്മില്‍ ആവേശത്തോടെ പൊരുതിയ കലാമേളയില്‍ ലിവര്‍പൂളും മാഞ്ചസ്റ്ററും കിരീടം സംയുക്തമായി നേടി. ഒപ്പത്തോടൊപ്പം പോരാടിയ ന്യൂകാസില്‍ യൂണിറ്റ് രണ്ടാമതെത്തിയപ്പോള്‍ ബിര്‍മിങ്ഹാം യൂണിറ്റ് മൂന്നാം സ്ഥാനത്തെത്തി. ബിര്‍മിങ്ഹാം യൂണിറ്റില്‍നിന്നുമുള്ള ഡിയോള്‍ ഡൊമിനിക് എല്ലാവരെയും പിന്നിലാക്കിി കലാതിലകപ്പട്ടം കരസ്ഥമാക്കി. അങ്ങനെ വര്‍ണവിസ്മയങ്ങള്‍ വാരിവിതറിയ ക്‌നാനായ മക്കളുടെ കലയുടെ മാമാങ്കത്തിന് രാത്രി ഒന്‍പതുമണിയോടെ തിരശീല വീണുLatest

Copyrights@2016.