america

ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

Saju Kannampally  ,  2020-02-08 11:32:40pmm


ഹൂസ്റ്റണ്‍: ആത്മീയ പ്രഭ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ഹൂസ്റ്റണ്‍ ക്‌നാനായ മിഷന്റെ രജത ജൂബിലിയും, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ ദശാബ്ദിയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൂസ്റ്റണിലെ ക്‌നാനായ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായി വര്‍ത്തിച്ച ക്‌നാനായ മിഷനും ഇടവക ദേവാലയവും കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജൂബിലി ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു.


 ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള ദിവ്യബലിക്കു മുമ്പായി ദേവാലയത്തിലേക്കു നടത്തിയ വര്‍ണശബളമായ പ്രദക്ഷിണത്തോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായത്.  മരക്കുരിശ്, മിഷന്റെ രജത ജൂബിലിയുടെ പ്രതീകമായി കത്തിച്ച മെഴുകുതിരി കൈകളിലേന്തി വെള്ള വസ്ത്രം ധരിച്ച 25 പെണ്‍കുട്ടികള്‍, ദേവാലയ സ്ഥാപനത്തിന്റെ പത്തു വര്‍ഷത്തെ സൂചിപ്പിച്ച് കത്തിച്ച മെഴുകുതിരികളുമായി  10 ആണ്‍കുട്ടികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ജൂബിലി സബ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍മാര്‍, വാര്‍ഡ് സെക്രട്ടറിമാര്‍, മാതാവിന്റെ രൂപം സംവഹിച്ച് വാര്‍ഡ് പ്രസിഡന്റുമാര്‍, ട്രസ്റ്റിമാര്‍, ജൂബിലി കണ്‍വീനേഴ്‌സ്, ജൂബിലി തിരി  വഹിച്ചു കൊണ്ട് വികാരി, എന്നിവര്‍ക്കു പിന്നിലായി പ്രധാന കാര്‍മികന്‍ മാര്‍ ജേക്കബ് അങ്ങായിടത്ത് എന്ന ക്രമത്തിലാണ് പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചത്.
ആഘോഷമായ ദിവ്യബലിക്കു മുമ്പായി വികാരി ഫാ.സുനി പടഞ്ഞാറേക്കര സ്വാഗതം ആശംസിച്ചു. ദിവ്യബലിയുടെ സമാപനത്തില്‍ മാതാവിന്റെ രൂപവും, ജൂബിലി കിറ്റുകളും  മാര്‍ ജേക്കബ് അങ്ങായിടത്ത് വെഞ്ചരിച്ചു.ദേവാലയത്തിനകത്തു ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജൂബിലി കണ്‍വീനര്‍ പീറ്റര്‍ ചാഴികാട്ട് സ്വാഗതം ആശംസിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം മാര്‍ അങ്ങാടിയത്ത് നിര്‍വഹിച്ചു. ജൂബിലി വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ പദ്ധതികളെപ്പറ്റി ജൂബിലി കണ്‍വീനര്‍ ബേബി മണക്കുന്നേല്‍ വിശദീകരിച്ചു. എച്ച്.കെ.സി.എസ് പ്രസിഡന്റ് ബെന്നി പീടികയില്‍, സി.സി.ഡി വിദ്യാര്‍ഥി പ്രതിനിധി ജൂഡ് ചേത്തലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പാരിഷ് ട്രസ്റ്റി ജോണ്‍ വട്ടമറ്റം നന്ദി പറഞ്ഞു.  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ അര്‍ഹിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് പണിതു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന  ഭവന നിര്‍മാണ പദ്ധതിയുടെ ധനസമാഹരണ ഉദ്ഘാടനവും തദവസരത്തില്‍ നടത്തി. അങ്ങാടിയത്ത് പിതാവില്‍ നിന്ന്  54 പേര്‍ ആയിരം ഡോളറിന്റെ വീതം കൂപ്പണ്‍  സ്വീകരിച്ചു കൊണ്ടാണ് ഇത് നിര്‍വഹിച്ചത്. ജെയിംസ് തെക്കനാട്ട്, അഞ്ജലി തേക്കുനില്‍ക്കുന്നതില്‍ എന്നിവര്‍ എം.സിമാരായിരുന്നു.


കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വിഭാവനം ചെയ്ത ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ , ഗാല്‍വസ്റ്റണ്‍ - ഹൂസ്റ്റണ്‍ കാത്തലിക് അതിരൂപതയുടെ അംഗീകാരത്തോടെ 1996 ജനുവരി ആറിനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2001 ല്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നിലവില്‍ വന്നപ്പോള്‍ ക്‌നാനായ മിഷന്‍  ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2011 നവംബര്‍ അഞ്ചിന് സ്വന്തമായി പള്ളി വാങ്ങിയ ഇടവക ,  2015 ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. നൂറില്‍ താഴെ കുടുംബങ്ങളുമായി തുടക്കമിട്ട മിഷന്‍ രജത ജൂബിലി നിറവിലെത്തുമ്പോള്‍ എണ്ണൂറിലധികം കുടുംബങ്ങളുടെ ആത്മീയ അഭയ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു.


ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷം 2021 ജനുവരിയില്‍ സമാപിക്കും. മദര്‍ സിസ്റ്റര്‍ റെജി എസ്.ജെ.സി, ഇടവക കൈക്കാരന്മാരായ ജോണ്‍സണ്‍ വട്ടമറ്റം, ബൈജു പഴയംപള്ളി, ജോണി പതിയില്‍, റോയി മാങ്ങാപ്പള്ളില്‍ എന്നിവരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും, കൂടാരയോഗ ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. Latest

Copyrights@2016.