gulf

ഫാ.മാത്യു വട്ടക്കളം: തെക്കുംഭാഗ സമുദായത്തിന്റെ അദൃശ്യനായ നേതാവ്

Saju Kannampally  ,  2019-08-28 12:02:26amm

ഫാ.മാത്യു വട്ടക്കളം: തെക്കുംഭാഗ സമുദായത്തിന്റെ അദൃശ്യനായ നേതാവ് ഓഗസ്റ്റ് 24, 102-ാം ചരമദിനം ഫാ. മാത്യു വട്ടക്കളം, മത്തായിക്കുഞ്ഞ്, കുമരകം പുത്തന്‍ പള്ളിഇടവക വട്ടക്കളത്തിലായ കിഴക്കേവാലയില്‍ കുടുംബത്തില്‍ പുന്നന്റെയും അച്ചാമ്മയുടെയും മക്കളില്‍ മൂന്നാമനായി 1866 മാര്‍ച്ച് 18ന് ജനിച്ചു. ഔസേപ്പ് എന്നും, കുട്ടി എന്ന പേരിലും രണ്ടു സഹോദരരും ഉണ്ടായിരുന്നു. മാതൃഭാഷാ പഠനത്തിനുശേഷം മംഗലപ്പുഴ സെമിനാരിയില്‍ ചേര്‍ന്നു വൈദീക പരിശീലനം ആരംഭിച്ചു. മൈനര്‍ സെമിനാരി പഠനത്തോടൊപ്പം സുറിയാനി ഭാഷയും അഭ്യസിച്ചു. അത്യുല്‍സാഹിയായ ഈ വൈദിക വിദ്യാര്‍ത്ഥിയെ കോട്ടയം വികാരിയത്തിന്റെ വികാരി അപ്പസ്‌തോലിക്ക അഭി: കാര്‍ലോസ് ലവീഞ്ഞ് മെത്രാന്‍ 1888 ഒക്‌ടോബര്‍ 5ന് തുടര്‍ പഠനത്തിനായി റോമ്മായിലെ പ്രോപ്പഗാന്ത തിരുസംഘം വകയായ ഉര്‍ബന്‍ കോളേജിലയച്ചു. ഉര്‍ബന്‍ കോളേജില്‍ നിന്നും വ്യാകരണം, തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവയും ഇംഗ്ലീഷ് പോര്‍ച്ചുഗീസ്, ലത്തീന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളും ഒന്‍പതുവര്‍ഷത്തിനകം പഠിച്ചു. ഒപ്പം ബിഎഡ് ബിരുദവും സമ്പാദിച്ചു. 1897 ഏപ്രില്‍ 17 ദുഃഖശനിയാഴ്ച റോമ്മായിലെ വി. ജോണ്‍ ലാറ്ററന്‍ ബസലിക്കായില്‍ വെച്ച് കര്‍ദ്ദിനാള്‍ പരോക്കിയില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുകയും പിറ്റേദിവസം കല്‍ദായ സുറിയാനി റീത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. 1897 ജൂലൈ മാസത്തില്‍ മാതൃരാജ്യത്ത് തിരിച്ചെത്തിയ പണ്ഡിതനായ ഫാ. മത്തായി വട്ടക്കളത്തിലിനെ കോട്ടയം വികാരിയാത്തിലെ നാട്ടകം കുരിശുപള്ളിയുടെ (ഇപ്പോള്‍ പാച്ചിറപള്ളി) നടത്തിപ്പുകാരനായും നിയമിച്ചു. മൂന്നുവര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഓലക്കെട്ടായിരുന്ന കുരിശു പള്ളിയുടെ പുതിയ കെട്ടിടത്തിനായി വട്ടക്കളത്തിലച്ചന്‍ തന്റെ സമ്പാദ്യവും റോമിലെ സുഹൃത്തുക്കളായിരുന്ന പലരില്‍ നിന്നും സംഭാവന സ്വീകരിച്ചു പുതുക്കിപ്പണിതു. മാത്രമല്ല ക്‌നാനായക്കാരുടെ പള്ളികളില്‍ നിന്നും പട്ടക്കാരില്‍ നിന്നും പണമായും ഉല്പന്നമായും സംഘടിപ്പിച്ചാണ് പള്ളിപണി പൂര്‍ത്തിയാക്കിയത്. കൂദാശകളെയും പള്ളിഭരണത്തെയും മറ്റും സംബന്ധിച്ച് അഭി. മാക്കില്‍ പിതാവ് സീറോമലബാര്‍ സഭയ്ക്ക് വേണ്ടി 1903ല്‍ തയ്യാറാക്കിയ ദക്കറേത്ത് പുസ്തകത്തിന്റെ രചനയില്‍ പിതാവിനെ സഹായിക്കാന്‍ വട്ടക്കളത്തിലച്ചനും ഉണ്ടായിരുന്നു. 1897 മുതല്‍ ചങ്ങനാശ്ശേരി മെത്രാനച്ഛന്റെ സെക്രട്ടറി അവിടെ താമസിച്ച് മുന്‍പറഞ്ഞ പാച്ചിറപള്ളിയില്‍ വന്ന് കുര്‍ബാന ചൊല്ലുകയും ചെയ്തിരുന്നു. 1907ല്‍ ഇടയ്ക്കാട്ട് പള്ളിവികാരിയായി നിയമിതനായപ്പോള്‍ ചങ്ങനാശ്ശേരി മെത്രാന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി ആലോചനക്കാരനെന്ന സ്ഥാനം മാക്കില്‍ പിതാവ് നല്‍കി. 1908ല്‍ വട്ടക്കുളത്തിലച്ചന്‍ ചങ്ങനാശേരി വികാരിയാത്തിനെപ്പറ്റി വത്തിക്കാനുസമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേവര്‍ഷം തന്നെ റോബര്‍ട്ട് ആപ്പിള്‍ട്ടണ്‍ കമ്പനി പ്രസിദ്ധീകരിച്ച പ്രഥമ കാത്തലിക്ക് എന്‍സൈക്ലോപീഡിയായില്‍ സ്ഥാനം പിടിക്കുകയുണ്ടായി. ഈ ഗ്രന്ഥം ന്യുയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ഭാഷയിലും അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ഇടയ്ക്കാട്ട് ഫൊറോന വികാരിയായിരിക്കെ പലപൊതുകാര്യങ്ങള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ട് അദ്ദേഹം സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പല പ്രമുഖരുമായി ചേര്‍ന്ന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. പുരാതന പാട്ടുപുസ്തകവും വട്ടക്കളത്തിലച്ചനും പുത്തന്‍ പുരയ്ക്കല്‍ ഉതുപ്പ് ലൂക്കാസ് പ്രസാധകന്‍ ആയി പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പുരാതന പാട്ടുപുസ്തകത്തില്‍ പ്രസാധകന്‍ എഴുതിയിട്ടുള്ള രേഖകളില്‍ നിന്നും തന്നെ ആ പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലെ വട്ടക്കളത്തിലച്ചന്റെ പങ്ക് വ്യക്തമാകുന്നു. താളിയോലകളില്‍ എഴുതപ്പെട്ടിരുന്ന പുരാതനപ്പാട്ടുകളുടെ അങ്ങിങ്ങായി ചിതറിക്കിടന്ന കൈയ്യെഴുത്തുപ്രതികള്‍ പല വീടുകളില്‍ നിന്നുമായി ശേഖരിച്ച് ചിട്ടപ്പെടുത്തി അതൊരു പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ പി യു ലൂക്കാസിന് പിന്തുണ നല്‍കിയത് ബഹു. വട്ടക്കളത്തിലച്ചനാണ്. ഈ കാര്യത്തെക്കുറിച്ച് പ്രസാധകനായ ലൂക്കാസ് തന്നെ പുസ്തകത്തിന്റെ മുഖവുരയില്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ചരിത്ര വിവരണത്തിന്റെ പ്രധാന സ്രോതസും വട്ടക്കളത്തിലച്ചനാണെന്നും ലൂക്കാസ് വ്യക്തമാക്കുന്നു.... ""ഇപ്പോള്‍ ഈ ഗ്രന്ഥം ഏവം വിധം നിര്‍വ്വഹിക്കുന്നതിന് എന്നെ പ്രധാനമായും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ഭരമേല്പിക്കുകയും ചെയ്തത് എന്റെ ഒരു ജേഷ്ഠസഹോദരനും ഞങ്ങളുടെ ഇടവക പള്ളിയായ കോട്ടയത്തെ ഇടയ്ക്കാട്ട് പള്ളിയിലെ ഇപ്പോഴത്തെ ഫോറോന വികാരിയും ചങ്ങനാശേരി മെത്രാനവറുകളുടെ ആലോചനക്കാരനുമായ കുമരകത്ത് വട്ടക്കളത്തില്‍ ബഹു. മത്തായികത്തനാര്‍ ബി.ഡി അവര്‍കളാണെന്നുള്ള വാസ്തവവും ഇവിടെ പറയാതിരിക്കാന്‍ പാടുള്ളതല്ല. ക്‌നാനായ സമുദായത്തിന്റെ സ്വത്വപ്രതിഷ്ഠക്ക് ഉതകുന്നതായിക്കണ്ട് പുരാതനപ്പാട്ടുകള്‍ വീണ്ടെടുക്കാനും അച്ചടിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇവിടെ വട്ടക്കളത്തിലച്ചന്റെയും പി.യു ലൂക്കാസിന്റെയും സത്യസന്ധതയും നിഷ്‌ക്കളങ്കതയും വ്യക്തമാകുന്നു. ഇന്നത്തെ ആളുകളില്‍നിന്നും വ്യത്യസ്തനായി ഫലപ്രദമായ തന്റെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ മാലോകരെ അറിയിക്കാന്‍ വട്ടക്കളത്തിലച്ചന്‍ ആഗ്രഹിച്ചിരുന്നില്ല എന്നു വ്യക്തമാകുന്നു. അച്ചന്റെ സമുദായസ്‌നേഹം ക്‌നാനായ സമുദായ ചരിത്ര രചയിതാക്കളില്‍ പ്രഥമസ്ഥാനവും വട്ടക്കളത്തിലച്ചന് അര്‍ഹതപ്പെട്ടതാണ്. അച്ചന്റെ കാലത്ത് മാക്കീല്‍ പിതാവ് റോമിലേക്കയച്ച രേഖകളിലൊന്നും വട്ടക്കുളത്തിലച്ചന്റെ പേര് കാണില്ല. അച്ചനെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്കറിയാം ഇറ്റാലിയന്‍ ഭാഷയിലുള്ള അക്കാലത്തെ മിക്കവാറും സുപ്രധാനരേഖകളിലൊക്കെയുള്ള അച്ചന്റെ ഇടപെടലിന്റെ രേഖാചിത്രം. ബഹു. വട്ടക്കളത്തിലച്ചന്‍ റോമില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് തെക്കുംഭാഗരെക്കുറിച്ച് അവിടെ ലഭ്യമായ എല്ലാ രേഖകളും തന്നെ അദ്ദേഹം ശേഖരിച്ചു. അവയെക്കുറിച്ചെല്ലാം അദ്ദേഹം പഠിച്ചു. നാട്ടില്‍ തിരിച്ചെത്തിയ വട്ടക്കളത്തിലച്ചന്‍ അദ്ദേഹത്തിന്റെ അന്വേഷണവും പഠനവും തുടര്‍ന്നു. പിന്നീട് അദ്ദേഹം റോമിലേക്കയച്ച വിവരണങ്ങളില്‍ നിന്നും കത്തുകളില്‍നിന്നും ഇത് വ്യക്തമാണ്. തെക്കുംഭാഗരെക്കുറിച്ചുള്ള വിവരണവും അവരുടെ ചരിത്രവും തനിമയും അറിയാന്‍ സവിശേഷമായ സ്രോതസ്സാണ് പുരാതനപ്പാട്ടുകളെന്ന ദ്ദേഹം തിരിച്ചറിഞ്ഞു. സ്വസമുദായത്തിന്റെ ഉന്നതമായ സാംസ്‌കാരിക, സാമൂഹിക പൈതൃകാവബോധം ജനിപ്പിച്ച് സ്വപൈതൃകത്തിന്റെ ഉറവിടങ്ങളിലേക്ക് കടന്നുചെല്ലാന്‍ വട്ടക്കളത്തിലച്ചന് പ്രേരണ നല്‍കിയത് റോമായിലെ പരിശീലനമാണ്. വിവിധ സംസ്‌ക്കാരങ്ങളുള്ളവരുമായി ഇടപഴകുമ്പോഴാണെല്ലോ സ്വന്തം പൈതൃകത്തിന്റെ മഹത്വം തിരിച്ചറിയുന്നതും അതിനെ ഗാഡമായി പുണരുന്നതും. ചങ്ങനാശേരി വികാരിയാത്തിലെ തെക്കും ഭാഗര്‍ക്കും വടക്കും ഭാഗര്‍ക്കും ഇടയിലുള്ള മാത്സര്യവും ശത്രുതയും ഇല്ലാതാക്കുവാന്‍ ഇവരെ രണ്ടു സ്വജാതീയമെത്രാന്മാരുടെ കീഴിലാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാവശ്യമായ എഴുത്തുകുത്തുകള്‍ നടത്തി മാക്കീല്‍ പിതാവിനെ സഹായിക്കുകയും ചെയ്തു. 1900 ഓഗസ്റ്റ് 2-ാം തീയതി ലയോപതി മൂന്നാമന്‍ മാര്‍പാപ്പക്ക് നല്‍കിയ കത്തില്‍ ക്‌നാനായ സമുദായത്തെക്കുറിച്ച് വിവിധ ചരിത്രകാരന്മാര്‍ എഴുതിയവ ഉദ്ധരിക്കുന്നുണ്ട്. ഹ്രസ്വമെങ്കിലും ക്‌നാനായ സമുദായ ചരിത്രബന്ധിയായ ആദ്യ ശാസ്ത്രീയ പഠനമാണത് ഈ കത്തുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം വട്ടക്കളത്തിലച്ചനായിരുന്നു. സ്വസമുദായത്തിന് അസ്തിത്വവും തനതായ നിലപാടും ലഭിക്കുന്നതിനുവേണ്ടി വട്ടക്കളത്തിലച്ചന്‍ നടത്തിയ പരിശ്രമങ്ങല്‍ മറ്റൊരു ചരിത്രമാണ്. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. ഇറ്റാലിയന്‍ ഭാഷയും വത്തിക്കാന്‍ കാര്യാലയത്തിലെ നടപടികളും നന്നായി അറിയാവുന്ന വട്ടക്കളത്തിലച്ചന്‍ മാക്കീല്‍ മെത്രാന്റെ ഉറ്റ ചങ്ങാതിയും സഹായിയുമായിരുന്നു. ബഹു. വട്ടക്കളത്തിലച്ചനെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വിധേയത്വവും വിശ്വസ്തതയും സമുദായ സ്‌നേഹവും ഏറെ മനസിലാക്കുവാന്‍ കഴിയും. 1911ല്‍ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ടുള്ള ബൂളായുമായി റോമായില്‍നിന്ന് തിരിച്ചെത്തിയ മാക്കീല്‍ പിതാവ് ചങ്ങനാശേരിയിലെ കൊട്ടാര സദൃശ്യമായ അരമനയിലേക്ക് മടങ്ങാതെ വാസസ്ഥലമാക്കിയത് വട്ടക്കളത്തിലച്ചന്‍ കോട്ടയത്തു വാങ്ങിയ ഒരു ചെറിയ വീട്ടിലാണ്. അഭി. മാക്കീല്‍ മെത്രാന്‍ കാലം ചെയ്ത ഈ കൊച്ചുവീട്ടില്‍ കിടന്നാണ് വട്ടക്കളത്തിലച്ചനും 1917 ആഗസ്റ്റ് 24-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ 53-ാം വയസില്‍ ഭാഗ്യമരണം പ്രാപിച്ചത്. മൃതശരീരം തന്റെ ഇടവകപ്പള്ളിയായ കുമരകം വള്ളാറപ്പുത്തന്‍ പള്ളിക്കുള്ളില്‍ സംസ്‌ക്കരിച്ചു. മഹാനും ദൈവഭക്തനും ചരിത്രപണ്ഡിതനും സമുദായസ്‌നേഹിയും പരോപകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന വട്ടക്കളത്തിലച്ചന്റെ സ്മരണ എന്നും നിലനില്‍ക്കുക തന്നെ ചെയ്യു. 1963 വള്ളാറപ്പുത്തന്‍പള്ളി പുതുക്കിപ്പണിയാന്‍ ആരംഭിച്ചപ്പോള്‍ പള്ളിക്കുള്ളിലെ വസ്തുവകകളും മറ്റും പുതിയ പള്ളിയിലും യഥാസ്ഥാനപ്പെടുത്തണമെന്ന് എഴുതിവെച്ചിരുന്നു. എന്നാല്‍ വട്ടക്കളത്തിലച്ചന്റെ ഭൗതികാവശിഷ്ടം പുതിയ പള്ളിക്കുളില്‍ സ്ഥാപിക്കാതെ സിമിത്തേരിപള്ളിയിലേക്ക് മാറ്റണമെന്നും അതല്ല പുതിയ പള്ളിക്കുള്ളില്‍ത്തന്നെ സ്ഥാപിക്കണമെന്നു രണ്ടു പക്ഷം ഉണ്ടായി. അഭി. തറയില്‍ പിതാവ് വിളിച്ചു ചേര്‍ത്ത രണ്ടാമത്തെ പൊതുയോഗത്തില്‍വെച്ചാണ്് പ്രശ്‌നം പരിഹരിച്ചത്. തീരുമാന പ്രകാരം പുതിയ പള്ളിയുടെ സങ്കീര്‍ത്തിയിലെ ഭിത്തിയില്‍ വട്ടക്കളത്തിലച്ചന്റെ ഭൗതിതാവശിഷ്ടം സ്ഥാപിക്കുകയും ഒരു ഫലകം പതിക്കുകയും ചെയ്തു. സഭയേയും സമുദായത്തെയും അളവറ്റു സ്‌നേഹിച്ച കുമരകത്തിന്റെ അഭിമാനമായി മാറേണ്ട ഫാ. മാത്യു വട്ടക്കളം സ്വന്തം ദേശത്തു തിരിച്ചറിയപ്പെടാത്തവനായി മാറി. വട്ടക്കളത്തിലച്ചനെ അറിയാത്ത ക്ഷോഭിക്കുന്ന യുവത്വം മാത്രമായിരുന്നില്ല പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍. എല്ലാ പ്രശ്‌നങ്ങളുടെയും പിന്നില്‍ ഒരറിവില്ലായ്മയുണ്ട് എന്നതത്വം ഇവിടെ വെളിപ്പെട്ടു എന്നു മാത്രം. സ്വന്തമായി തയ്യാറാക്കികൊടുത്ത രേഖകളിലൊന്നും തന്റെ പേര് രേഖപ്പെടുത്താന്‍ തയ്യറാകാതെ വയലിലെ പുഷ്പം പോലെ വിരിയുകയും തന്റെ ദൗത്യ പൂര്‍ത്തീകരണത്തിനുശേഷം ഒന്നും അവശേഷിപ്പിക്കാതെ നിന്നിരുന്ന സ്ഥലം പോലും അജ്ഞാത മാക്കികൊണ്ടു കടന്നുപോയ വട്ടക്കളത്തിലച്ചന്റെ സ്മരണ നിലനിര്‍ത്തേണ്ടത് വരും തലമുറയ്ക്ക് പ്രചോദനം തന്നെയാകും. വട്ടക്കളത്തിലച്ചന്റെ ജീവചരിത്രം കോട്ടയം അതിരൂപതയുടെ ചരിത്രവുമായി അത്ര കെട്ടുപിണഞ്ഞു കിടക്കുന്നു.Latest

Copyrights@2016.