europe

യു.കെ ക്‌നാനായ യുവജനസംഗമം; തെക്കന്‍സ് 2019 ന്റെ ലോഗോ പ്രകാശനം ചെയ്തു.

Tiju Kannampally  ,  2019-08-19 04:34:30amm

യു.കെ യിലെ ക്‌നാനായ യുവജനങ്ങളുടെ ആവേശമായ യുവജന സംഗമം തെക്കന്‍സ്‌ 2019 ന്റെ ലോഗോ പ്രകാശനം കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. കോട്ടയം അരമനയില്‍ നടന്ന ചടങ്ങില്‍ യു.കെ.കെ.സി.വൈ.എല്‍ ന്റെ ജോയിന്റ്‌ സെക്രട്ടറി ജസ്റ്റിന്‍ ജോസ്‌ പട്ടാറുകുഴിയില്‍, യു.കെ. കെ.സി.വൈ.എല്‍ നാഷണല്‍ ഡയറക്‌ടര്‍ സിന്റോ വെട്ടുകല്ലേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെക്കന്‍സ്‌ 2018 യു.കെ. യിലെ ക്‌നാനായ യുവജനങ്ങളെ ആവേശത്തില്‍ ആറാടിച്ചുകൊണ്ട്‌ ശൈലി കൊണ്ടും അവതരണം കൊണ്ടും, വമ്പന്‍ സാന്നിദ്ധ്യം കൊണ്ടും യു.കെ.കെ.സി.വൈ.എല്‍ ന്റെ ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ വിജയത്തിന്റെ ചുവടു പിടിച്ചുകൊണ്ട്‌ ഈ വര്‍ഷം നവംബര്‍ 9 ന്‌ ബിര്‍മിങ്‌ഹാമില്‍ നടക്കുന്ന തെക്കന്‍സ്‌ 2019, അതിലും കേമമാക്കാന്‍ പ്രസിഡന്റ്‌ ടെനില്‍ ജോസ്‌ കടുതോടിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബ്ലയ്‌സ്‌ തോമസ്‌ ചേത്തലിന്റെയും, മറ്റു കമ്മറ്റി അംഗങ്ങളായ വൈസ്‌ പ്രസിഡന്റ്‌ സെറിന്‍ സിബി ജോസഫ്‌, ട്രഷറര്‍ യേശുദാസ്‌ ജോസഫ്‌, ജോയിന്റ്‌ സെക്രട്ടറി ജസ്റ്റിന്‍ പട്ടാറുകുഴിയില്‍, നാഷണല്‍ ഡയറക്‌ടേഴ്‌സ്‌ ആയ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങള്‍ ആണ്‌ ഇത്തവണ ഒരുക്കുന്നത്‌. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ യു.കെ.കെ.സി.വൈ.എല്‍ സെന്‍ട്രല്‍ കമ്മറ്റിയും യു.കെ യിലെ എല്ലാ കെ.സി.വൈ.എല്‍ യൂണിറ്റുകളും ഒരേ ചരടില്‍ കോര്‍ത്ത മണിമുത്തുപോലെ ഒന്നായി അത്യധികം മേന്മയോടെ പ്രവര്‍ത്തിക്കുന്നു. ലോഗോ പ്രകാശനത്തോടെ തെക്കന്‍സ്‌ 2019 ന്റെ ഒരുക്കങ്ങള്‍ക്ക്‌ യു.കെ.കെ.സി.വൈ.എല്‍ തുടക്കം കുറിക്കുകയാണ്‌. യു.കെ. യിലെ 40 ഓളം വരുന്ന യൂണിറ്റുകളിലെ നാലായിരത്തോളം വരുന്ന മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. യു.കെ യിലെ എല്ലാ കെ.സി.വൈ.എല്‍ യൂണിറ്റ്‌ അംഗങ്ങളും അവരുടെ ഡയറക്‌ടേഴ്‌സിന്റെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്‌നാനായ യുവജന മാമാങ്കത്തില്‍ പങ്കെടുക്കുവാനും പരിപാടികള്‍ അവതരിപ്പിക്കുവാനും തയ്യാറായിക്കൊണ്ടിരിക്കുന്നു.



Latest

Copyrights@2016.