latest

സിജോമോൻ ജോസഫ് തിളങ്ങി. ഇന്ത്യൻ ക്രിക്കറ്റിൽ ഇടിമിന്നലായി ഈ ക്നാനായ ശബ്ദം

Anil Mattathikunnel  ,  2017-02-16 09:34:04pmm അനിൽ മറ്റത്തിക്കുന്നേൽ

നാഗ്പൂർ: അക്ഷരനഗരിയായ കോട്ടയത്ത് നിന്നും ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉയർന്ന ക്നാനായ ശബ്‍ദമായ സിജോമോൻ ജോസഫ് തന്റെ കന്നി മത്സരത്തിൽ തന്നെ കഴിവ് തെളിയിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായി. ഇഗ്ലണ്ടിനെതിരായ ചതുർദിന മത്സരത്തിൽ ആദ്യ ഇന്നിഗ്‌സിൽ ബാറ്റുകൊണ്ടും രണ്ടാം ഇന്നിങ്ങ്സിൽ ബോളുകൊണ്ടും നിർണ്ണായകമായ കളി പുറത്തെടുത്തുകൊണ്ടു ഒരു ഓൾറൗണ്ടറിന്റെ വീര പരിവേക്ഷവുമായാണ് സിജോമോൻ ക്നാനായ സമുദായത്തിന്റെ അഭിമാനമായത്. ആദ്യ ഇന്നിങ്ങ്സിൽ ഒരു വിക്കറ്റ് മാത്രമാണ് ഏറ്റെടുത്തത് എങ്കിലും, അത് സെഞ്ചുറി പൂർത്തിയാക്കി മുന്നേറിയ ജോർജ്ജ് ബാർട്ട്ലെറ്റിന്റേത് ആയിരുന്നു എന്നത് ഇത്യൻ ടീമിനെ സംബന്ധിടത്തോളം ഒരു വലിയ ആശ്വാസമായിരുന്നു. മാക്സ് ഹോൾഡനും ബാർട്ട്ലെറ്റും ചേർന്ന മുന്നൂറിൽ പരം റണ്ണുകളുടെ കൂട്ടുകെട്ട് തകർത്ത് ഇന്ത്യൻ ടീമിന്റെ രക്ഷകനായതിന് പുറമെ, ബാറ്റിങ്ങിൽ തിളങ്ങിക്കൊണ്ടു ആദ്യ മത്സരത്തിൽ തന്നെ 96 ബോളുകളിൽ 7 ഫോറുകൾ ഉൾപ്പെടെ 62 റൺസ് അടിച്ചു കൂട്ടി (നോട്ട് ഔട്ട്) അടിച്ചു കൂട്ടി ഇന്ത്യൻ ടീമിന്റെ ചെറുത്തുനില്പിന് നിർണ്ണായകമായ ശക്തി പകർന്നു നൽകുകയും ചെയ്തു സിജോമോൻ.

 

രണ്ടാം ഇന്നിങ്സിൽ കഥ മറ്റൊന്നായിരുന്നില്ല. ഇത്തവണയും സിജോമോൻ ടീമിന്റെ നെടുംതൂണായി. പക്ഷെ അത് വിക്കറ്റ് വേട്ടയിലായിരുന്നു എന്നുമാത്രം. കളിയുടെ നാലാം ദിവസം, ഇഗ്ലണ്ട് വൻ ടോട്ടലിലേക്ക് എത്തും എന്ന് തോന്നിയ നിമിഷം, ഇരുപത് ഓവറുകളിൽ വെറും 62 റൺസ് മാത്രം വിട്ടുകൊടുത്തതുകൊണ്ട് ആറു വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു സിജോമോൻ ടീം ഇന്ത്യയുടെ വജ്രായുധമായത്. സിജോമോന്റെ സ്പിൻ മാജിക്കിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇഗ്ലണ്ട് ടീം തകർന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സിലെ ബാറ്റിങ്ങിൽ 12 റൺസുകൾ മാത്രമേ കൂട്ടി ചേർക്കാൻ സാധിച്ചുള്ളൂ എങ്കിലും, മത്സരത്തെ സമനിലയിൽ ആക്കുന്നതിൽ സിജോമോന്റെ ആ ഇന്നിംഗ്സിന് വളരെ പ്രാധാനയം ഉണ്ടായിരുന്നു.

 

കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം തന്നെയാണ് താൻ എന്ന് ഉറപ്പിച്ചിരിക്കുകയാണ് ക്നാനായ സമൂഹത്തിന്റെ സ്വന്തം സിജോമോൻ. ഈ സീരീസിലെ രണ്ടാമത്തെയും അവസാനത്തെയും ചതുർദിന ടെസ്റ്റ് മാച്ച് ഫെബ്രുവരി 21 ണ് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.

 

അണ്ടർ 19 കുച്ച് ബീഹാർ ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ നിന്നുമായി 30 വിക്കറ്റുകൾ നേടിയെടുത്തുകൊണ്ടു സിജോ മോൻ ജോസഫ് മേക്കാട്ടെല്‍, കേരളത്തിന്റെ അഭിമാനതാരമായി മാറിയിരുന്നു. ഇന്ത്യൻ റെയിൽവേയുടെ അണ്ടർ 19 ടീമുമായി നടന്ന മത്സരത്തിൽ കേരളം ഒരിന്നിഗ്‌സിനും 33 റൺസിനും വിജയിച്ചപ്പോഴും നിർണായകമായത് അഞ്ചു വിക്കറ്റ് വീഴ്ത്തി ടീമിന്റെ നെടുംതൂണായ സിജോമോൻ ജോസഫ് ആണ്.

 

കിടങ്ങൂർ സ്വദേശിയായ സിജോ മോൻ മേക്കാട്ടെല്‍ കഴിഞ്ഞ എട്ടു വർഷങ്ങളായി അണ്ടർ 13, 15, 19 വിഭാഗങ്ങളിലെ മത്സരങ്ങളിൽ കേരളാ ക്രിക്കറ്റിലെ നിറസാന്നിധ്യമാണ്. വിരാട് കൊഹ്‍ലിയെയും ന്യൂസിലാൻഡ് ക്രിക്കറ്റർ ഡാനിയേൽ വെട്ടോറിയെയും ഇഷ്ടപ്പെടുന്ന സിജോ, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മുത്തോലി ക്രിക്കറ്റ് അക്കാദമിയിലെ കോച്ച് ജീൻ ജോണിന്റെ കീഴിലാണ് ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. തുടർന്ന് മാന്നാനം സെന്റ് അഫ്രേം അക്കാദമിയിലെ ഫിലിപ്പ് മാത്യുവിന്റെ കീഴിൽ നാലുവർഷം. ഇപ്പോൾ തേവരയിൽ ബിജുമോന്റെ കീഴിലാണ് പരിശീലനം.

 

ഒന്നര വയസ്സിൽ പപ്പയെ നഷ്ടമായ സിജോയ്ക്ക് താങ്ങും തണലുമായി പ്രോത്സാഹനം നൽകിയത് അമ്മ ലിസി ജോസഫും, ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ലിജോ മോൻ ജോസഫും, കുവൈത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍ ലിജു ജോസഫും, ഓസ്ട്രേലിയയിലെ കാന്‍ബെറായില്‍ ജോലിചെയ്യുന്ന ജേഷ്ഠത്തി സീനയുമാണ്. തന്റെ നേട്ടങ്ങൾ ദൈവാനുഗ്രഹമാണ് എന്ന് പറയുന്ന സിജോയുടെ ലക്‌ഷ്യം ഇന്ത്യൻ ടീമിൽ എത്തുക എന്നതാണ്.

 

ക്നാനായ സമുദായത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിൽ കളിക്കുവാൻ സാധിക്കുന്ന ക്രിക്കറ്റ് താരമായി വളർന്ന സിജോമോൻ ജോസഫിന്, ലഭിച്ച അവസരം വീണ്ടും മികച്ച രീതിയിൽ വിനിയോഗിക്കുവാൻ സാധിക്കട്ടെ എന്ന് ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങളുടെ പേരിൽ ക്നാനായ വോയിസ് ആശംസിക്കുന്നു. അതിനായി പ്രാർത്ഥനാ സഹായങ്ങളോടെ ഈ ചെറുപ്പക്കാരന്റെ പിന്നിൽ ക്നാനായ സമൂഹം ഒന്നിക്കട്ടെ.



Latest

Copyrights@2016.