america
ലോസ് ഏഞ്ചൽസിൽ ഈസ്റ്റർ ആഘോഷങ്ങൾ അവിസ്മരണീയമായി

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) യും സംയുക്തമായി നടത്തിയ ഈസ്റ്റർ ആഘോഷങ്ങൾ അവിസ്മരണീയമായി.
ഏപ്രിൽ 15ന് വൈകുന്നേരം സെന്റ് പയസ് ടെൻത് ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുർബാനയിലും ഉയർപ്പിന്റെ തിരുക്കർമ്മങ്ങളിലും വികാരി ഫാ. സിജു മുടക്കോലിൽ കാര്‍മികത്വം വഹിച്ചു.
ഇല്ലായ്മയുടെയും പരാജയത്തിന്റെയും നിരാശയുടെയും ഒറ്റപ്പെടലിന്റേയും തീരം, സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രത്യാശയുടെയും തീരമാക്കി മാറ്റുകയാണ് ഉത്ഥിതനായ ഈശോ മിശിഹയെന്നും, ഈ പ്രത്യാശയില്‍ ജീവിക്കാനുള്ള സന്ദേശമാണ് ഈസ്റ്ററിന്റേതെന്നും വചന സന്ദേശത്തില്‍ ഫാ. സിജു മുടക്കോലിൽ ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, സിസ്റ്റേഴ്സിനും , ഗായകസംഘത്തിനും, ട്രസ്റ്റിമാരായ ജോൺ മാത്യു മുട്ടത്തിൽ, റോജി കണ്ണാലിൽ എന്നിവര്‍ക്കും ഭക്ഷ്ണം ഒരുക്കാൻ നേതൃത്വം നൽകിയ ജോസ് വള്ളിപ്പടവിലിനും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി നന്ദി പറഞ്ഞു.
തുടർന്ന് എൽക്സ് ലോഡ്ജ് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ ആഘോഷങ്ങളിൽ കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ അധ്യക്ഷനായിരുന്നു. ലോസ് ഏഞ്ചൽസിലെ അസോസിയേഷനും സഭയും എല്ലാ കാര്യങ്ങളിലും വളരെ സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ഏവർക്കും അനുകരണീയമാണെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിനോട് സഹകരിക്കുന്ന സഭാ നേതൃത്വത്തെയും സമുദായ അംഗങ്ങളേയും ഷിജു അഭിനന്ദിക്കുകയും തുടർന്നും ക്നാനായ സമുദായം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയുകയും ചെയ്തു.
ലോസ് ഏഞ്ചൽസിൽ നിന്നും വിവിധ ക്നാനായ സംഘടനകളുടെ ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അനിൽ മറ്റപ്പള്ളിക്കുന്നേൽ (കെ.സി.സി.എൻ.എ. ട്രഷറർ), സ്മിത വെട്ടുപാറപ്പുറം (കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ. പ്രസിഡന്റ്), അഞ്ജലി മറ്റപ്പള്ളിക്കുന്നേൽ ( കെ.സി.വൈ.എൽ.എൻ.എ. റീജിയണൽ വൈസ് പ്രസിഡന്റ്) എന്നിവരെ യോഗം അഭിനന്ദിക്കുകയും, ഇടവക വികാരി ഫാ. സിജു മുടക്കോലിൽ അവർക്കു ബൊക്കെ നൽകി സ്വീകരണം നൽകുകയും ചെയ്തു.
കെ.സി.സി.എസ്.സി വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ക്നാനായ യംഗ് അഡൾട്സ് കോർഡിനേറ്റർ സീന ചാഴികാട്ട് എന്നിവർ പ്രസംഗിച്ചു. കെ.സി.സി.എസ്.സി സെക്രട്ടറി ജോൺ വള്ളിപ്പടവിൽ സ്വാഗതവും പള്ളി ട്രസ്റ്റീ റോജി കണ്ണാലിൽ നന്ദിയും പറഞ്ഞു. കുട്ടികളും യുവ ജനങ്ങളും മുതിന്നവരും ഒരുപോലെ പങ്കെടുത്ത കലാസന്ധ്യ ഏവരുടെയും മനം കവർന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.